Vakathanam Varikka Kottayam Kerala India

വാകത്താനത്തിന്റെ അഭിമാനം ആണ് വാകത്താനം വരിക്ക

കോട്ടയം ജില്ലയിൽ ഉള്ള വാകത്താനം ആണ് ചക്കയുടെ സ്വർഗ്ഗ രാജ്യം എന്നറിയപ്പെടുന്ന സ്ഥലം . വാകത്താനം വരിക്ക എന്ന ചക്ക ഇനം ആണ് ഏറ്റവും കൂടുതൽ ഇവിടെ ഉണ്ടാകുന്നത്.

ചക്കകള്‍ പലവിധം
ക്കയുടെ ആകൃതി, വലിപ്പം, രുചി, പാകമാകുന്ന കാലം എന്നിവ അനുസരിച്ച്‌ പ്ലാവിന്‌ പലതരം പേരുകളുണ്ട്‌. ചുവന്ന ചുളയന്‍ചക്ക, സിംഗപ്പൂര്‍വരിക്ക, രുദ്രാക്ഷി, താമരച്ചക്ക, മൂവാണ്ടന്‍ചക്ക, തേന്‍വരിക്ക, മുട്ടംവരിക്ക, വാകത്താനം, വരിക്ക, പനച്ചൂര്‍വരിക്ക, ചെമ്പരത്തി വരിക്ക, സാമ്പ്രാണി വരിക്ക, മേനോന്‍വരിക്ക, സദാനന്ദപുരംവരിക്ക തുടങ്ങി നിരവധി പേരുകള്‍ ചക്കക്കുണ്ട്‌. ചക്കകളില്‍ വച്ചു ഏറ്റവും നല്ലത്‌ കുഴച്ചക്കയാണ്‌. കഴിക്കുമ്പോള്‍ കൈകളിലും, മറ്റും ഒലിച്ചിറങ്ങുന്നതുകൊണ്ടാണ്‌ നാം ഈ ചക്കയോട്‌ വലിയ താല്‍പര്യം കാണിക്കാറില്ല. എന്നാല്‍ ഏറ്റവും കൂടുതല്‍ ഗുണങ്ങള്‍ അടങ്ങിയിരിക്കുന്നത്‌ കുഴച്ചക്കയിലാണ്‌. മഴപെയ്‌തിറങ്ങിയാലും കുഴച്ചക്കയ്‌ക്ക്‌ രുചിമാറ്റമൊന്നും സംഭവിക്കുന്നില്ല എന്നത്‌ മറ്റൊരു പ്രത്യേകത.

ചക്കയുടെ ചരിത്രം
പ്ലാവ്‌ എന്ന വാക്കിന്റെ ആദ്യരൂപം പിലാവ്‌ എന്നായിരുന്നു. ഇന്നും ചിലയിടങ്ങളില്‍ പിലാവ്‌ എന്നു തന്നെ വിളിച്ചു പോരുന്നുണ്ട്‌. തൊലിയിലും, തടിയിലും, കായിലും, ഇലയിലുമൊക്കെ ധാരാളം പാലുപോലെ ഒഴുകുന്ന ദ്രാവകമുള്ളതുകൊണ്ടാണ്‌ പ്ലാവ്‌ എന്ന പേരു വന്നതെന്നു വിശ്വസിക്കപ്പെടുന്നു.
ഭാരത കാര്‍ഷിക ചരിത്രത്തില്‍ പ്ലാവിന്‌ പ്രധാന പങ്കുണ്ട്‌. 6000 വര്‍ഷങ്ങള്‍ക്കു മുമ്പു തന്നെ ഭാരതത്തില്‍ പ്ലാവ്‌ നട്ടു പരിപാലിച്ചിരുന്നതായി ചരിത്രപരമായ തെളിവുകളുണ്ട്‌. മഹാനായ അശോക ചക്രവര്‍ത്തി ഫലവൃക്ഷങ്ങള്‍ നട്ടു വളര്‍ത്തുന്നത്‌ പ്രചരിപ്പിച്ച കൂട്ടത്തില്‍ പ്ലാവും ഉള്‍പ്പെട്ടിരുന്നു. വരാഹമിഹിരന്റെ ബ്രഹ്‌ത്‌ സംഹിതയില്‍ പ്ലാവ്‌ ഉണ്ടാക്കിയെടുക്കുന്നതിന്റെ ആവശ്യകതയെക്കുറിച്ച്‌ പ്രതിപാദിച്ചിട്ടുണ്ട്‌. അഗസ്‌ത്യന്‍, ഭരദ്വജന്‍ തുടങ്ങിയ മുനിമാര്‍ തങ്ങളുടെ ആശ്രമ പരിസരങ്ങളില്‍ പ്ലാവുകള്‍ നട്ടു പരിപാലിച്ചു വളര്‍ത്തിയിരുന്നു. മുന്‍ തലമുറകളെല്ലാം ഹൃദയത്തോട്‌ ചേര്‍ത്തു വളര്‍ത്തിയിരുന്ന ഫലവൃക്ഷമാണ്‌ പ്ലാവ്‌.
ഇന്ത്യയില്‍ കേരളം കൂടാതെ ആസാം, ബംഗാള്‍, മദ്ധ്യപ്രദേശ്‌, ബീഹാര്‍, ഹിമാചല്‍പ്രദേശ്‌, കര്‍ണ്ണാടക, തമിഴാന്‌ട്‌ തുടങ്ങിയ സംസ്ഥാനങ്ങളിലെല്ലാം പ്ലാവുകള്‍ വളരുന്നുണ്ട്‌. ആസാമിന്റെ എല്ലാ ഭാഗങ്ങളിലും പ്ലാവുകള്‍ കാണാനാകും. കര്‍ണ്ണാടകയിലാണ്‌ ഏറ്റവും കൂടുതല്‍ പ്ലാവുകള്‍ ഉള്ളത്‌.
ശ്രീലങ്ക,ബര്‍മ്മ, ബംഗ്ലാദേശ്‌, ആസ്‌ട്രേലിയ, ഇന്ത്യാനേഷ്യ, ബ്രസീല്‍, ആഫ്രിക്ക, കെനിയ, ഉഗാണ്ട, കമ്പോഡിയലാവോസ്‌, തായ്‌ലാന്റ്‌, ഫ്‌ളോറിഡ, വിയറ്റ്‌നാം എന്നിവിടങ്ങളിലെല്ലാം പ്ലാവുകള്‍ വളരുന്നുണ്ട്‌. ഏഷ്യയില്‍ ഏറ്റവും കൂടുതല്‍ പ്ലാവുകളുള്ളത്‌ ബംഗ്ലാദേശിലാണ്‌. അവിടെ ചക്കയെ ദേശീയ ഫലമായിത്തന്നെ പ്രഖ്യാപിച്ചിട്ടുണ്ട്‌. ഇന്ത്യക്ക്‌ പ്ലാവുകളുടെ കാര്യത്തില്‍ രണ്ടാം സ്ഥാനമാണുള്ളത്‌. ഇന്ത്യയില്‍ ചക്കയുടെ തലസ്ഥാനമെന്നറിയപ്പെടുന്ന സ്ഥലമാണ്‌ തമിഴ്‌നാട്ടിലെ കടലൂര്‍ ജില്ലയിലെ പന്റുട്ടി. ഇവിടെ ഏകദേശം 900 ഹെക്ടര്‍ സ്ഥലത്ത്‌ പ്ലാവ്‌ കൃഷി ചെയ്യുന്നുണ്ട്‌. കര്‍ഷകരില്‍ അധികവും പ്ലാവിനെ ഇടവിളയായും, അതില്‍ത്തികളിലുമായാണ്‌ വളര്‍ത്തുന്നത്‌. ഒന്നിലധികം ഏക്കറുകളില്‍ പ്ലാവ്‌ മാത്രം കൃഷിചെയ്യുന്ന നൂറുകണക്കിന്‌ കര്‍ഷകര്‍ ഇവിടെയുണ്ട്‌.

 

Comments

comments